കറുത്തമ്മയും വെളുത്ത പെണ്ണും



മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സിനിമ ഏതെന്ന് ചോദിച്ചാൽ, അന്നുമിന്നും മിക്കവരുടേയും ഉത്തരം “ചെമ്മീൻ“ എന്നായിരിക്കും. (ഇപ്പഴത്തെ പിള്ളേര് പുലിമുരുകൻ എന്ന് പറഞ്ഞേക്കാം. മൈൻഡ് ചെയ്യണ്ട)
ചെമ്മീനിനെ പറ്റി രസകരമായോരു കഥയുണ്ട്. ചെമ്മീനിന്റെ ഫസ്റ്റ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ തകഴിയോട് കാര്യാട്ട് എങ്ങനുണ്ട് സിനിമ എന്ന് ചോദിച്ചത്രെ. തകഴിയുടെ മറുപടി “ഇതിലെ കറുത്തമ്മ വെളുത്താണല്ലോ ഇരിക്കുന്നത്“ എന്നായിരുന്നത്രെ.
കടലിന്റെ കരുത്തുള്ള പെണ്ണിന് കറുത്തമ്മ എന്ന് പേരു കൊടുക്കാൻ തകഴിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. പക്ഷേ “കറുത്തമ്മ“ ആകാനും മലയാളിക്ക് വെളുത്ത പെണ്ണ് തന്നെ വേണ്ടിയിരുന്നു.
ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ ഒരു സ്ഥിതിവിശേഷമാണത്. ഈയടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും അക്കാഡമിക്സിലുമൊക്കെ കറുത്തവനെ പേട്രണൈസ് ചെയ്യുന്നവരുടെ തള്ളിക്കയറ്റമാണ്. പേരിന്റെ കൂടെ സവർണജാതിയുടെ വാലു അഭിമാനപൂർവ്വം കൊണ്ടുനടക്കുകയും അത് ഇമെയിൽ ഐഡിയിൽ പോലും ഉപയോഗിക്കുകയും ചെയ്യുന്ന പേട്രണ്മാരാണ് ഭാരതത്തിൽ കറുത്തവന്റെ സംരക്ഷകർ...
ഗാസാ മുനമ്പിൽ ഹമാസ് തീവ്രവാദികൾ ഉപയോഗിക്കുന്ന മനുഷ്യക്കവചങ്ങളേ പറ്റി വായിച്ചിട്ടുണ്ട്. ഏതാണ്ടതേ അവസ്ഥയാണ് ഭാരതത്തിലിന്ന് കറുത്തവർ എന്ന് വിവക്ഷിക്കപ്പെടുന്ന ദളിരുടേത്. ദളിതരുടെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തലല്ല, മറിച്ച് അവരെ പേട്രണൈസ് ചെയ്ത് അവരുടെ ചിലവിൽ ചുളുവിലൊരു സാംസ്കാരിക നായകസ്ഥാനമോ രാഷ്ട്രീയനേട്ടമോ നേടുക എന്നതാണ് പേട്രണ്മാരുടെ ലക്ഷ്യവും.
ദളിതരുടെ അവസ്ഥയാണ് കഷ്ടം. നൂറ്റാണ്ടുകളോളം സവർണരെന്ന് സ്വയം വിളിച്ചവരുടെ ചവിട്ടടിയിൽ കിടന്ന്, ഒന്നു നിവർന്ന് നിന്ന് നെഞ്ചുവിരിച്ചപ്പോ അവരെ സംരക്ഷിക്കാനായി സവർണമനസും ജാതിവാലുമായി ആളുകളുടെ തള്ളിക്കയറ്റമാണ്. അതിൽ ഇടതുപക്ഷ നമ്പൂതിരി സഖാക്കൾ തൊട്ട് മൗദൂദികളും സുഡാപ്പികളും വരെ. ദളിതരെ സംരക്ഷിക്കുന്നവർ എന്ന പേരിൽ കറുത്തവരെന്നും വെളുത്തവരെന്നും ഇരുനിറത്തൊലിയുള്ള ഭാരതീയരെ വിഭജിക്കുകയും അവരുടെ ഇടയിലെ ഇല്ലാത്ത ശത്രുത ഉണ്ടാക്കി മുതലെടുത്ത് സാംസ്കാരികനായകപ്പട്ടങ്ങൾ വാങ്ങുകയും ചെയ്യുന്ന സൂത്രശാലികളായ കപടബൗദ്ധികച്ചെന്നായ്ക്കൾ.
ഇതിനിടയിൽ, അനുഭവിച്ച് പോയ കൊടും അനീതികളിൽ മനം നൊന്ത്, അതിനെതിരെ പൊരുതാനിറങ്ങിയവരെ വിസ്മരിക്കുന്നില്ല. പക്ഷേ അത്തരക്കാരുടേ ആത്മാർത്ഥമായ ശ്രമങ്ങളെ പോലും തുരങ്കം വയ്ക്കുകയാണ് ദളിതനെ പരിചയാക്കിയുള്ള സവർണമനസുള്ള സ്വയംപ്രഖ്യാപിത പേട്രണ്മാരുടെ പ്രവൃത്തികൾ.
രാമായണപ്പോസ്റ്റിൽ ഇത്രയും പറഞ്ഞതെന്തിനെന്നല്ലെ... പറയാം....
दुन्दुभि स्वन निर्घोषः स्निग्ध वर्णः प्रतापवान् |
समः सम विभक्त अन्गो वर्णम् श्यामम् समाश्रितः
ദുന്ദുഭി സ്വന നിർഘോഷഃ സ്നിഗ്ദ്ധ വർണ പ്രതാപവാൻ|
സമഃ സമ വിഭക്ത അംഗോ വർണം ശ്യാമ സമാശ്രിതഃ
വാൽമീകിരാമായണം സുന്ദരകാണ്ഡത്തിലെ മുപ്പത്തഞ്ചാം സർഗത്തിലെ പതിനാറാം ശ്ലോകമാണിത്. ഭഗവാൻ ശ്രീരാമനെ പറ്റി ഹനുമാൻ സീതാദേവിയോട് പറയുന്ന വാചകമാണിത്. മിനുങ്ങുന്ന സ്നിഗ്ദ്ധമായ ശ്യാമവർണമാണ് രാമചന്ദ്രപ്രഭുവിനെന്ന് ഹനൂമാൻ പറയുന്നു. തിളങ്ങുന്ന ശ്യാമവർണം - എണ്ണക്കറുപ്പ്.
തിളങ്ങുന്ന എണ്ണക്കറുപ്പുള്ള സൂര്യവംശജാതനായിരുന്നു ശ്രീരാമചന്ദ്രപ്രഭു. നിഷാദവംശം (വനവാസികൾ) ഭരിച്ച ഗുഹന്റെ ആത്മമിത്രം. കാനനത്തിലെ ശബരിയെന്ന വനവാസിയമ്മയുടെ ഉച്ഛിഷ്ടം സ്വാദോടെ കഴിച്ച ഭാരതഖണ്ഡത്തിന്റെ യുവരാജാവ്.
കറുപ്പിന്റെ അഴകും കരുത്തുമുള്ള ശ്രീരാമചന്ദ്രപ്രഭുവിനെ ലോകം മുഴുവൻ സ്നേഹിക്കുന്നു. ആരാധിക്കുന്നു. നായകനായും ദൈവമായും രാജാവായുമൊക്കെ കാണുന്നു... ശ്രീരാമചന്ദ്രന്റെ കറുത്ത നിറം ഒരിക്കൽ പോലും അപഹസിക്കപ്പെട്ടിട്ടില്ല. എന്നാൽ ശ്രീരാമചന്ദ്രപ്രഭുവിന്റെ ആ മഹത്വം ക്ഷത്രിയകുലജാതനായതിനാൽ ആണെന്ന് പറയുന്നവരോട് നിങ്ങൾ പറയുക - മഹാബ്രാഹ്മണനെന്ന് ശ്രീരാമചന്ദ്രൻ വിശേഷിപ്പിച്ച രാവണനായിരുന്നു രാമന്റെ പ്രതിനായകൻ എന്ന്. രാവണവധത്തിന് ബ്രഹ്മഹത്യാപാപ പരിഹാരത്തിനായി രാമൻക്രിയകൾ ചെയ്തിരുന്നതോർക്കുക
അവരെ പേടിക്കേണ്ടതില്ല. രാമനെന്ന സത്യത്തെ അറിയാൻ ഭാഗ്യം ലഭിക്കാത്തവരാണവർ. തെറ്റിദ്ധാരണ കൊണ്ട് സത്യത്തിനു മുഖം തിരിഞ്ഞ് നിൽക്കുന്നവർ. പക്ഷേ ഭയക്കേണ്ടത് രാമൻ “കറുത്തവന്റെ ദൈവമായിരുന്നു“ എന്ന് പറഞ്ഞു വരുന്ന രാമഭക്തിയുടേ മൂടുപടമിട്ടവരെയാണ്. അവർ നിങ്ങളുടെ ഇടയിലുണ്ട്. നിങ്ങളുടെ മുന്നണിപ്പോരാളി ആണ് അവർ എന്ന ഭാവേന നിങ്ങളുടെ ധർമ്മത്തിന്റെ നാശം വരുത്തുന്ന വൈറസാണവർ.
രാമൻ കറുത്തവനായിരുന്നു. കൃഷ്ണൻ കറുത്തവനായിരുന്നു. പക്ഷേ അവരെ സ്നേഹിക്കാനോ വെറുക്കാനോ ആ നിറം ഒരു ഭക്തന്റെ മുന്നിൽ യോഗ്യതയോ അയോഗ്യതയോ ആവുന്നില്ല എന്ന് പറഞ്ഞേക്കുക ആ നീരാളികളോട്.
രാമൻ കറുത്തവന്റെ മാത്രമല്ല. വെളുത്തവന്റേയുമല്ല. രാമനു മുന്നിൽ കറുപ്പും വെളുപ്പും ഇരുനിറവുമെല്ലാം അപ്രസക്തമാണ്. രാമനെന്ന സത്യത്തെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നത് മാത്രമാണ് അവിടെ ചോദ്യം. രാമനെ സ്നേഹിക്കാൻ ശബരിയെന്ന വനവാസിയമ്മയ്ക്ക് യോഗ്യത അവരുടെ സ്നേഹം മാത്രമായിരുന്നു.
രാമൻ ദ്രാവിഡവിരുദ്ധനായിരുന്നു എന്ന് പറയുന്നവനേക്കാൾ നിങ്ങൾ സൂക്ഷിക്കേണ്ടത് “കറുത്തവന്റെ ദൈവമാണ് ഞങ്ങടെ രാമൻ“ എന്ന് പറയുന്നവനെയാണ്. രാമനെ അറിഞ്ഞവന് കറുത്തവനും വെളുത്തവനും ഇന്ദ്രനും ശബരിയും ഒക്കെ ഒരുപോലെ ആവും. ബ്രാഹ്മണ്യത്തിനോ ജനിച്ച കുലത്തിനോ തൊലിയുടെ നിറത്തിനോ അല്ല യോഗ്യതയെന്നും, രാമനെന്ന സത്യത്തിലുള്ള വിശ്വാസത്തിനാണെന്നുമുള്ള തിരിച്ചറിവുണ്ടാകും.
അപ്പോൾ “കറുത്തവന്റെ കറുത്ത രാമൻ“ എന്ന അടവുമായി വരുന്നവന് രാമൻ വിശ്വാസമോ വികാരമോ അല്ല. മറിച്ച് സ്വാർത്ഥലാഭത്തിനായുള്ള കച്ചവടച്ചരക്ക് മാത്രമാണ്.
ആരെയും വെറുക്കാൻ രാമനോ രാവണനോ പഠിപ്പിച്ചില്ല നമ്മളെ. പകരം രാമന്റെ വേഷമെടുത്താൽ അന്യന്റെ ഭാര്യയുടെ പിന്നാലെ പോകാൻ പറ്റുമോ എന്ന് ചോദിക്കുന്ന രാവണനെയും അമ്പേറ്റ് കിടന്ന രാവണന്റെ ശിരസ് മടിയിലെടുത്ത് വച്ച് രാജ്യഭരണത്തെ പറ്റി രാവണനോട് ഉപദേശം വാങ്ങിച്ച രാമനെയുമാണ് നമ്മൾ കണ്ടിട്ടുള്ളത്.
പക്ഷേ, രാമനെ വിറ്റ് കറുപ്പിനും വെളുപ്പിനും ഇടയിൽ ഇല്ലാത്ത വെറുപ്പിന്റെ വിളവെടുപ്പ് നടത്താൻ വരുന്നവരെ വെറുക്കുക. വെറുപ്പെന്ന വാക്കിന്റെ അർത്ഥത്തിന്റെ പരമകോടിയിൽ....
എന്നിട്ട് സ്നേഹിക്കുക. മനുഷ്യനായി ജീവിച്ച് മനുഷ്യരെ മനുഷ്യരായി കാണാൻ പഠിപ്പിച്ച രാമചന്ദ്രനെ....
(ചിത്രം അരവിന്ദന്റെ കാഞ്ചനസീതയിൽ നിന്നും)

https://www.facebook.com/arunelectra/posts/321795808291327

Comments

Popular posts from this blog

കാക്ക

ബജ്രംഗ് ബലീ കീ ജയ്!

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ