ചുവന്ന പുഷ്പങ്ങൾ

ആകാശത്ത് മേഘങ്ങൾ കുരുക്ഷേത്രം തുടങ്ങിക്കഴിഞ്ഞിരുന്നു. ഗംഗാതീരത്തെ ഘാട്ടിൽ അന്ന് പതിവിൽ കുറഞ്ഞ തീർത്ഥാടകരേ ഉണ്ടായിരുന്നുള്ളൂ. അരികിലൂടെ പതിവിലും ശാന്തയായി ഒഴുകുന്ന ഗംഗാ മയ്യയെ നോക്കി ഗുരുജി ചിന്തിച്ചു : ഇന്ന് യുവാക്കൾ കുറവ്. അവർക്ക് ഗംഗയുടെ പവിത്രതയിലും കുത്തിമറിയുന്ന നൗകകളുടെ ഹരമാണ് പ്രധാനം. ആശ്രമങ്ങളിലലയടിക്കുന്ന ജ്ഞാനത്തിലും സെൽഫി സ്റ്റിക്കുകളിലും കച്ചവടസ്ഥാപനങ്ങളിലെ വർണ്ണപ്പകിട്ടുകളിലുമാണ് താല്പര്യം. ഈ മൂടിക്കെട്ടിയ ദിവസം അവർ വരാതിരിക്കുന്നതിൽ അത്ഭുതമില്ല.

ഇന്ന് രാമായണമാകട്ടെ. മര്യാദാപുരുഷോത്തമന്റെ കഥ പറയുക എന്നും ഗുരുജിയ്ക്ക് താല്പര്യമായിരുന്നു. കേൾക്കുന്നവരെ രാമായണത്തിന്റെ ശീലുകളിലൂടെയല്ല, അതിലെ കഥാസന്ദർഭത്തിലെ കഥാപാത്രങ്ങളാക്കീ മാറ്റി അനുഭൂതിയിലൂടെ പറയുന്ന കഥാകഥനത്തിന് എന്നും ശ്രോതാക്കളേറെയായിരുന്നു. 

തന്റെ മുന്നിൽ കൂടിയിരിക്കുന്ന ആളുകളെ നോക്കി മുരടനക്കി ഗുരുജി ആരംഭിച്ചു : "ശ്രീരാം ജയ് റാം ജയ് ജയ് റാം"

ആൾക്കൂട്ടം ഏറ്റുചൊല്ലി. "ശ്രീറാം ജയ് റാം ജയ് ജയ് റാം"

അതിനു ശേഷം പാപഹാരിയായൊഴുകുന്ന ഗംഗാതീരത്ത് മറ്റൊരു പവിത്രഗംഗ ഒഴുകി തുടങ്ങി. മനുഷ്യകുലത്തിനു മന്വന്തരമാതൃകയായ മര്യാദാപുരുഷോത്തമന്റെ ജീവിതകഥ.

പതിയെപതിയെ ആളുകളുടെ എണ്ണം കൂടി വന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും നിന്നിരുന്നവരോരൊന്നായി കൂട്ടത്തിലിരുന്നപ്പോഴും പ്രാഞ്ചിപ്രാഞ്ചി വന്നിരുന്ന ഒരു വയോവൃദ്ധനെ ഗുരുജി ശ്രദ്ധിച്ചു. എന്താണെന്നറിയില്ല.. വികൃതരൂപമാർന്ന, മുഷിഞ്ഞു കീറീയ വസ്ത്രങ്ങളണിഞ്ഞ ആ മുഖത്തെ തേജസ് തന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്നുണ്ട്.

മറ്റാരേക്കാളും ലയിച്ചിരുന്ന് കഥ കേൾക്കുന്ന ആ വൃദ്ധൻ ഒരു ചലചിത്രം കാണുന്നത് പോലെ മുഴുകി ഇരിക്കുന്നു. കഥയുടെ ഓരോ സന്ദർഭത്തിലും ആ വൃദ്ധന്റെ മുഖത്ത് വികാരങ്ങൾ മിന്നിമായുന്നു.

ആരണ്യകാണ്ഡത്തിൽ സീതാമാതാവിനെ അപഹരിക്കുന്ന രാവണന്റെ രംഗം വന്നപ്പോഴും പുഷ്പകത്തിലിരുന്ന് സഹായത്തിനു കേഴുന്ന സീതാമാതാവിന്റെ ദുഃഖം പറയുമ്പോഴും മെല്ലിച്ചെഴുന്ന കൈകൾ ചുരുട്ടി, പല്ലുകടിച്ചമർത്തുന്ന ആ വൃദ്ധൻ പിന്നെയും ഗുരുജിയിൽ എന്താണെന്നറിയാത്ത ഒരു അങ്കലാപ്പുയർത്തി.

അശോകവനിയിലെ മരച്ചുവട്ടിലിരുന്ന് കണ്ണീരൊഴുക്കുന്ന സീതയെ പറ്റി പറയുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാതെ തലകുമ്പിട്ട് കണ്ണുമൂടി ഇരിക്കുകയായിരുന്നു ആ വൃദ്ധൻ. പൊടുന്നനെ ഗുരുജിയുടെ നാവിൽ വാത്മീകിയുടെ വരികളുണർന്നു. "അശോകവനിയിലെത്തി സീതാമാതാവിനെ തിരഞ്ഞ പവനപുത്രൻ നിലത്തെ പുല്ലുകളിലെ വെളുത്ത പുഷ്പങ്ങൾ കണ്ടു"

"നിങ്ങൾ പറയുന്നത് തെറ്റാണ്"... എവിടെ നിന്നാണ് ഉച്ചത്തിൽ ആ ശബ്ദം ഉയർന്നതെന്ന് കേൾവിക്കാർ ചുറ്റും നോക്കുമ്പോൾ വിറയ്ക്കുന്ന എല്ലിച്ച ശരീരത്തിൽ തലകുമ്പിട്ടിരിക്കുന്ന ആ വൃദ്ധനെ സാകൂതം നോക്കുകയായിരുന്നു ഗുരുജി.

"നിങ്ങൾ പറയുന്നത് തെറ്റാണ്... വെളുത്ത പുഷ്പങ്ങളായിരുന്നില്ല... കടും ചുവപ്പു നിറത്തിൽ രക്തസമാനമായിരുന്നു ആ പുഷ്പങ്ങൾ" തലയുയർത്തി പറയുന്ന വൃദ്ധനെ പൗരാവലി അത്ഭുതത്തോടെ വീക്ഷിച്ചു. ഗുരുജിയുടെ കഥനത്തിനിടയ്ക്ക് സംസാരിക്കുക പോലും പതിവില്ലാത്തിടത്ത് ഇവിടെ ഗുരുജിയ്ക്ക് തെറ്റുപറ്റിയിരിക്കുന്നു എന്ന് പറയുന്നു. അതും മുഷിഞ്ഞ വസ്ത്രമണിഞ്ഞ ഒരു വൃദ്ധൻ.

"സുഹൃത്തേ, വാത്മീകിമഹർഷി വ്യക്തമായി എഴുതിയിരിക്കുന്നു... വെളുത്ത പുഷ്പങ്ങളാണ് പവനപുത്രൻ കണ്ടത്" ശാന്തനായി, എന്നാൽ ഉള്ളിൽ അലയടിക്കുന്ന അസ്വസ്ഥതയോടെ ഗുരുജി പറഞ്ഞു.

"അല്ല. എന്നെ വിശ്വസിക്കണം. അവ രക്തവർണ്ണമായിരുന്നു" നിറഞ്ഞൊഴുകുന്ന കണ്ണീരിനിടയ്ക്ക് ആ വൃദ്ധൻ പറഞ്ഞുതീർത്തു.

ഗുരുജി കണ്ണുകളടച്ചു... ആദ്യമായാണ് ഇങ്ങനൊരനുഭവം... എന്താണ് അമ്മേ ഈ പരീക്ഷണത്തിനർത്ഥം?

എന്തെന്നില്ലാത്ത ഭാരക്കുറവ് അനുഭവപ്പെട്ടു.. ചുറ്റും കടുത്ത പ്രകാശം പരക്കുന്നു... ആരോ സംസാരിക്കുന്നുവോ? ഒരു സ്ത്രീശബ്ദമാണ്... എന്തോ ചോദിക്കുകയാണ്...

"എന്നെ തിരഞ്ഞ് വന്ന് എന്നോട് രാവണനും സേവകരായ രാക്ഷസിമാരും കാട്ടിയ ക്രൂരത കണ്ട ഹനുമാന്റെ അവസ്ഥ എന്താവും?".. സ്ത്രീശബ്ദം ചോദിക്കുകയാണ്...

ശരിയാണ്... സ്വതവേ ശാന്തനായ ഹനുമാന്റെ ക്രോധവും ലോകപ്രസിദ്ധമാണ്... അതും തന്റെ മാതാവിനോട് കാട്ടിയ ക്രൂരത കാണുന്ന ആ മകന്റെ ക്രോധത്തിനളവുണ്ടാകില്ല.

"അതെ.. ആ ക്രോധത്തിൽ ചുവന്ന മിഴികളോടെ ഹനുമാൻ കണ്ടത് ചുവന്ന പുഷ്പങ്ങളെയാണ്... പുഷ്പങ്ങൾ വെളുത്തവയായിരുന്നെങ്കിലും..." ഒരു ചെറുചിരിയോടെ ആ സ്ത്രീശബ്ദം അകന്നു പോകുന്നു...

ഗുരുജി കണ്ണുകൾ തുറന്നു.. എഴുന്നേറ്റ് നിന്നപ്പോൾ കാലുകൾക്ക് തന്റെ ശരീരത്തെ താങ്ങാനുള്ള ശക്തി നഷ്ടപ്പെട്ട അവസ്ഥ... നീങ്ങാതെ നിലത്തുറച്ചു പോയ കാലുകളെ മനസാണ് പിടിച്ചു വലിച്ചു നടത്തിയത്... അന്തിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലൂടെ കാലുകൾ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നെങ്കിലും മനസ് ഓടുകയായിരുന്നു. 

പത്തടി തികച്ചില്ലാത്ത ആ ദൂരം നടക്കാൻ ഒരു യുഗം എടുത്ത പോലെ. ആ വൃദ്ധന്റെ കാലുകളിൽ നമസ്കരിക്കുകയായിരുന്നില്ല. വീഴുകയായിരുന്നു.. രാമകഥയെവിടെ മുഴങ്ങുന്നോ അവിടോടിയെത്തി കേൾക്കാൻ കൊതിക്കുന്ന, രാമകഥ ജീവിച്ചു തീർത്ത ഭക്തിയുടെ നേർചിത്രം രൂപം മാറിയെത്തിയതെന്ന് മനസിലാക്കാൻ വൈകിപ്പോയി ഭഗവാനേ എന്നെ മാപ്പപേക്ഷയായിരുന്നു മനസ് നിറയെ.

വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ വൃദ്ധൻ ഗുരുജിയുടെ നിറുകയിലമർത്തി. ഒരു ജന്മം സാർത്ഥകമായ നിമിഷം.... ആയിരം ഗംഗയുടെ പുണ്യം ശിരസിൽ വീണ നിമിഷം....

എല്ലിച്ച മുഷ്ടി ആകാശത്തേക്കുയർന്നു. ഗംഗയുടെ മറുകരയിൽ തട്ടുന്ന ഉച്ചത്തിൽ രാഘവന്റെ നാമമുയർന്നു....

"സീതാപതി രാമചന്ദ്ര കീ ജയ്"

Comments

Popular posts from this blog

കാക്ക

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

ബജ്രംഗ് ബലീ കീ ജയ്!