കാക്ക


ഒരേ ഒരു സന്ദർഭത്തിൽ മാത്രമാണ് കാക്കയെന്ന ജീവിയെ സ്വീകാര്യമായ ഒന്നായി മനുഷ്യൻ കാണുക... എള്ളും നീരും ചേർത്തുരുട്ടി വച്ച ബലിപിണ്ഡത്തെ പിതൃക്കൾക്കെത്തിക്കുന്ന‌ മദ്ധ്യവർത്തിയായി...

അതിനപ്പുറം, അഴുക്കുകൾ കൊത്തിവലിക്കുന്ന, ഭക്ഷണം കട്ടുതിന്നുന്ന ഒരു ശല്യക്കാരൻ മാത്രമാണ് കാക്ക.

എവിടെയും ആട്ടിപ്പായിക്കപ്പെടുന്ന ജന്മം... ആർക്കും ഒരുപകാരവുമില്ലാത്ത, സകലരാലും വെറുക്കപ്പെടുന്ന ജന്മം.

മനുഷ്യനു ശല്യക്കാരൻ മാത്രമായ ജന്മം...

പക്ഷേ അതിനപ്പുറത്തേക്ക് കാക്കയ്ക്കും ഒരു ജീവിതമുണ്ടത്രേ!

കല്ലേറു കൊള്ളാതെ ഒളികണ്ണിട്ടും അഴുക്കുകൾ കൊത്തിവലിച്ചും കട്ടും സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കുയിലിന്റെ മക്കൾക്കും അന്നം തേടുന്ന ഒരു മനസുണ്ടതിന്...

സ്വന്തം കുഞ്ഞുങ്ങളെ ജനിക്കും മുൻപേ കൊന്ന കോകിലശിശുക്കളെ ഊട്ടി വളർത്തുന്ന മനസ്...

ഒന്നിനും കൊള്ളാത്ത, ശല്യക്കാരനായ ആ ജന്മത്തിന് ഒരു ദിവസത്തേക്കെങ്കിലും സ്വീകാര്യത കൊടുത്ത മുനിപരമ്പരയ്ക്ക് ആ മനസ് കാണാനുള്ള കണ്ണുണ്ടായിരുന്നിരിക്കണം.

ശല്യക്കാരെന്നും ഒന്നിനും കൊള്ളാത്തവനെന്നും പതിരെന്നുമൊക്കെ വിളിക്കപ്പെടുന്ന, എവിടെയും സ്വീകരിക്കപ്പെടാതെ ആട്ടിയോടിക്കപ്പെടുന്ന ചില ജന്മങ്ങൾക്ക് പ്രതീക്ഷയുടെ തിരിനാളം പോലെ ഒരു ദിനം കാത്തിരിക്കാൻ പ്രചോദനമെന്നോണം...

"കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി"

Comments

Popular posts from this blog

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

ബജ്രംഗ് ബലീ കീ ജയ്!