Jul 27, 2011

മനസിലെ രണ്ടാമൂഴം
വൈകിട്ടത്തെ വെടിവട്ടത്തിനിടയിൽ എം.ടി സംസാര വിഷയമായി. അതിൽ രണ്ടാമൂഴവും. തീറ്റക്കൊതിയനെന്ന് മാത്രമറിഞ്ഞ ഭീമസേനന്റെ വ്യക്തിത്വത്തിലൂടെ വീണ്ടുമൊരു യാത്ര!

ഭീമസേനൻ....എന്നും ജീവിതത്തിൽ യുധിഷ്ഠിരന്റേയും പ്രശസ്തിയിൽ അർജ്ജുനന്റേയും പിന്നിൽ നിൽക്കേണ്ടി വന്നവൻ! പാഞ്ചാലിയെ വേട്ട അർജ്ജുനനെ തൂണേന്തി രക്ഷിച്ചവൻ! ധർമ്മനിഷ്ഠയുടെ സുഖലോലുപതയിലാണ്ടു പോയ ധർമ്മപുത്രരെ കാലത്തിന്റെ ധർമ്മനിഷ്ഠ ബോധ്യപ്പെടുത്തിയവൻ. അർജ്ജുനന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മകൻ മരിച്ചുവീഴുന്നത് കണ്ടുനിന്നവൻ! യാദവസേന ഭയന്ന ജരാസന്ധനെ കീറിയെറിഞ്ഞ പൗരുഷം... അവൻ - വൃകോദരൻ!

 ഒരിക്കലും തന്നെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും, മരണം വരെ പാഞ്ചാലിയെ സ്നേഹിച്ചവൻ! കല്യാണസൗഗന്ധികത്തിനായി ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം കാട്ടിയ ഒരേ ഒരുത്തൻ.  അവിടെയും മലയാളത്തിന്റെ സരസകവി അവനെ വിഢിയാക്കി, പൊങ്ങച്ചക്കാരനാക്കി. ഒന്നിനെയും കൂസാത്ത ധൈര്യത്തെയും പ്രതിബന്ധമേതും കടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്ന നിശ്ചയദാർഢ്യത്തെയും കാണനുള്ള കണ്ണ് നമ്പ്യാരുടെ മിഴാവിനും ലഭിച്ചില്ല!

പാഞ്ചാലിയെ പണയം വച്ചതിനു ജ്യേഷ്ഠന്റെ കരങ്ങൾ ചുട്ടെരിക്കാൻ പോയവൻ. ചൂതാട്ടസഭയിൽ പാഞ്ചാലിയേറ്റവും പ്രണയിച്ച രണ്ടാമനുൾപ്പടെ  നാലുപേരും പെരുംമൗനത്തിന്റെ വത്മീകം സ്വയം വാരിമൂടിയപ്പോഴും, ദുര്യോധനന്റെ രക്തത്തിനായി അലറിവിളിച്ചവൻ. ദ്രൗപതിയുടേ മുടി കെട്ടാൻ ദുശ്ശാസനന്റെ ചോര കൊണ്ട് കുളം കുത്തിയവൻ. പ്രണയിനിയുടെ ചിരിമുഴങ്ങാൻ ഭാരതയുദ്ധം മുഴുവൻ ചുമലിലേറ്റിയവൻ. നൂറ്റൊന്ന് കൗരവരേയും തന്റെ പ്രിയതമയുടേ പ്രതിജ്ഞയ്ക്കായി കാലപുരി പൂകിച്ചവൻ. കൃഷ്ണബുദ്ധിയുടേ സൂര്യതേജസ്സിൽ അർജ്ജുനൻ തിളങ്ങിനിന്നപ്പോൾ മറഞ്ഞുപോയ നക്ഷത്രം.

അവന്റെ ശക്തി തിരിച്ചറിഞ്ഞത്, അംഗീകരിച്ചത് ഒരുപക്ഷേ നിത്യശത്രുവായ സുയോധനൻ മാത്രമാവും. അവസാനപ്പോരാട്ടത്തിൽ തന്റെ വീര്യത്തിനും ശക്തിക്കും കിടപിടിക്കുന്ന പോരാളിയെ, തനിക്കൊത്ത എതിരാളിയെ തിരഞ്ഞെടുക്കാനവസരം ലഭിച്ചപ്പോൾ ആ മഹാരഥൻ - ബലഭദ്രശിഷ്യനായ ആ മഹാശക്തൻ തിരഞ്ഞെടുത്തത് ആ വൃകോദരനെയായിരുന്നു. ഗുരുപരമ്പരയുടെ അനുഗ്രഹാസ്ത്രങ്ങളെയും ലോകം കണ്ട ഏറ്റവും മികച്ച രാജതന്ത്രജ്ഞതയുടെ കൃഷ്ണബുദ്ധിയെയും ആശ്രയിക്കാതെ സ്വന്തം ശക്തിയിൽ മാത്രം വിശ്വാസമർപ്പിച്ച ആ പോരാളിയെ സുയോധനൻ സത്യത്തിൽ അംഗീകരിക്കുകയായിരുന്നു. ഭാരതത്തിൽ ഭീമസേനനു ലഭിച്ച ഏറ്റവും വലിയ അംഗീകാരം!


അവൻ തോറ്റത് രണ്ട് പേർക്ക് മുന്നിൽ മാത്രം. ജ്യേഷ്ഠനായ കർണന്റെയും പിന്നെ പ്രാണൻ കൊടുത്ത് പ്രണയിച്ച ദ്രുപദപുത്രിയുടേയും. ഒടുക്കം സ്വർഗവഴിയിൽ വീണുപോയ പാഞ്ചാലിയെ മധ്യമപാണ്ഡവൻ പിന്നിലുപേക്ഷിച്ചപ്പോൾ, തിരികെച്ചെന്നവൻ. ആ മഹാരഥന്റെ മടിയിൽ കിടന്നും അർജ്ജുനനായി വിലപിച്ച പാഞ്ചാലി മാത്രമാകും ഒരു പക്ഷേ ആ മനുഷ്യനെ തോല്പിച്ചത്.

വെടിവട്ടം കഴിഞ്ഞിട്ടും ഭീമൻ മനസിന്റെ പടിയിറങ്ങാൻ മടിച്ച് നിൽക്കുന്നു. തന്നെ തീറ്റക്കൊതിയനെന്ന് പരിഹസിച്ച മനസിനോട് പരിഹാസത്തോടെ പറയുന്നു, നീ നിന്നിലേക്ക് നോക്കൂ. മറ്റൊരു ഭീമനെ കാണാം!!

പാഞ്ചാലിയെ വേട്ടതല്ലാതെ ഒന്നും സ്വയം ചെയ്യാത്ത അർജ്ജുനന്റെ അനർഹപ്രൗഢിക്ക് മുന്നിൽ തിളക്കമറ്റു നിൽക്കാൻ വിധിക്കപ്പെട്ട മഹാശക്തൻ. കൊടുത്ത സ്നേഹം തിരികെക്കിട്ടാതെ, നിസ്വാർത്ഥമായി സ്നേഹം കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവൻ... പ്രപഞ്ചത്തിലുള്ളതിനെയെല്ലാം വാക്കുകൾ കൊണ്ട് വരച്ചു വച്ച മഹാമുനി, ഭീമസേനന്റെ പ്രതിച്ഛായയിൽ ഒളിപ്പിച്ച് വച്ചതാരെയായിരുന്നു? നമ്മിൽ പലരുമുണ്ട്. ഭീമസേനനെ പോലെ മാറുപിളർന്ന ചോര കൊണ്ട് മുടി കഴുകിയില്ലെങ്കിലും, അനർഹന്റെ പ്രൗഢിയിൽ തളർന്ന് പോകേണ്ടി വന്നവർ. താത്കാലിക ഭൗതിക നേട്ടങ്ങളുടെ കണക്കുകൂട്ടലുകൾക്ക് മുന്നിൽ തകർന്നു പോയ ഉത്കൃഷ്ടമായ ആദർശങ്ങൾ. സ്വന്തം സ്വത്വം അടിയറ വച്ച്  അന്യന്റെ അനർഹപ്രൗഢിക്ക് മുന്നിൽ തലകുനിച്ച് നിൽക്കാനെന്നും മത്സരിക്കുന്ന ഭാരതം. അങ്ങനെ നിരവധി. നാമെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഭീമസേനന്മാരാകുന്നു. അപ്പോഴും നാം അവനെ പരിഹസിക്കുന്നു : തീറ്റക്കൊതിയനെന്ന്....
Jul 20, 2011

ഉമിത്തീ......

മനസാകെ വരണ്ടുണങ്ങി, "തമസോ മാ" ചൊല്ലിയ ഉപനിഷത്തിനും മായ്ക്കാനാകാത്ത തമസ് കട്ടപിടിച്ചിരിക്കുന്നു. മനസിലെ "ര"കാരതമസിനെ മാറ്റി, വെളിച്ചം തെളിക്കുന്ന "അക്ഷരഗുരു"ക്കന്മാർ പകച്ച് നിൽക്കുന്നു. അക്ഷരങ്ങൾ വിടചൊല്ലുന്നു. വേദമന്ത്രം ചൊല്ലിയ നാവിൽ വികടസരസ്വതി വിളയാടുന്നു.ഈരടി ലഹരി പടർത്തിയ സിരകളിന്ന് ദ്രാക്ഷദ്രാവകത്തിന്റെ രൂക്ഷത തേടുന്നു.

മൂന്നാധികൾക്കും ശാന്തി ചൊല്ലിയ ഗുരുപരമ്പരയെ തട്ടി നീക്കി, മനസിൽ പ്രതികാരം തിളയ്ക്കുന്നു. ലക്ഷ്യമേതെന്നറിയാതെ മനസിന്റെ ഞാണിൽ നിന്നസ്ത്രങ്ങൾ പലതും പായുന്നു.  മൂവേഴിരുപത്തൊന്നിന്റെ കണക്കിൽ പരശുവേന്തിയ രാമനെ പടിയിറക്കി രക്താങ്കിതമായ നാരസിംഹദംഷ്ട്രകൾ മനസിൽ തെളിയുന്നു.

അറിയില്ല, ചുട്ടുനീറ്റുന്നയീ ഉമിത്തീ കത്തിയ തീപ്പൊരികളെവിടെ നിന്നെന്ന്. എന്തിനെന്നറിയാതെ ഉമിത്തീയിലെരിയുമ്പോൾ മനസിൽ ശ്രീകൃഷ്ണവിലാസത്തിന്നീരടി മുഴങ്ങുന്നു. ഗുരുഭക്തിയിൽ നീറിയെരിഞ്ഞ കവിയുടെ ആത്മാവിന്റെ തേങ്ങലോ? അതോ സംരക്ഷകന്റെ നാവിൽ നിന്നു പതിതയെന്ന ചൊല്ലു കേട്ട ജാനകിയുടെ കണ്ണീരോ? അറിയില്ല. പക്ഷേ, ഉള്ളിനെ ചുട്ടുനീറ്റി, എന്തോ........