ചുവന്ന പുഷ്പങ്ങൾ
ആകാശത്ത് മേഘങ്ങൾ കുരുക്ഷേത്രം തുടങ്ങിക്കഴിഞ്ഞിരുന്നു. ഗംഗാതീരത്തെ ഘാട്ടിൽ അന്ന് പതിവിൽ കുറഞ്ഞ തീർത്ഥാടകരേ ഉണ്ടായിരുന്നുള്ളൂ. അരികിലൂടെ പതിവിലും ശാന്തയായി ഒഴുകുന്ന ഗംഗാ മയ്യയെ നോക്കി ഗുരുജി ചിന്തിച്ചു : ഇന്ന് യുവാക്കൾ കുറവ്. അവർക്ക് ഗംഗയുടെ പവിത്രതയിലും കുത്തിമറിയുന്ന നൗകകളുടെ ഹരമാണ് പ്രധാനം. ആശ്രമങ്ങളിലലയടിക്കുന്ന ജ്ഞാനത്തിലും സെൽഫി സ്റ്റിക്കുകളിലും കച്ചവടസ്ഥാപനങ്ങളിലെ വർണ്ണപ്പകിട്ടുകളിലുമാണ് താല്പര്യം. ഈ മൂടിക്കെട്ടിയ ദിവസം അവർ വരാതിരിക്കുന്നതിൽ അത്ഭുതമില്ല. ഇന്ന് രാമായണമാകട്ടെ. മര്യാദാപുരുഷോത്തമന്റെ കഥ പറയുക എന്നും ഗുരുജിയ്ക്ക് താല്പര്യമായിരുന്നു. കേൾക്കുന്നവരെ രാമായണത്തിന്റെ ശീലുകളിലൂടെയല്ല, അതിലെ കഥാസന്ദർഭത്തിലെ കഥാപാത്രങ്ങളാക്കീ മാറ്റി അനുഭൂതിയിലൂടെ പറയുന്ന കഥാകഥനത്തിന് എന്നും ശ്രോതാക്കളേറെയായിരുന്നു. തന്റെ മുന്നിൽ കൂടിയിരിക്കുന്ന ആളുകളെ നോക്കി മുരടനക്കി ഗുരുജി ആരംഭിച്ചു : "ശ്രീരാം ജയ് റാം ജയ് ജയ് റാം" ആൾക്കൂട്ടം ഏറ്റുചൊല്ലി. "ശ്രീറാം ജയ് റാം ജയ് ജയ് റാം" അതിനു ശേഷം പാപഹാരിയായൊഴുകുന്ന ഗംഗാതീരത്ത് മറ്റൊരു പവിത്രഗംഗ ഒഴുകി തുടങ്ങി. മനുഷ്യകുലത്തിനു മന്വന്തരമാതൃകയാ...