ഡെവിൾസ് അഡ്വക്കേറ്റ്

അറിഞ്ഞില്ല ഞാൻ, എന്റെ ആത്മാവിനെപ്പോലും
കോടതിക്കൂട്ടിൽ വിവസ്ത്രയാക്കുമെന്ന്.
അറിഞ്ഞില്ല, എന്റെ ആത്മാവിൽ ബാക്കിനിന്ന
ആത്മാഭിമാനത്തെയും ചീന്തിയെറിയുമെന്ന്.


കാലന്റെ കയറിൽ കഴുത്ത് പെട്ടപ്പോഴും
ദൈവികനാമം പേറിയൊരാ അസുര
ജന്മത്തിൻ കീഴിൽ പിടഞ്ഞ് തീർന്നപ്പോഴും
കണ്ണും കാതും മനസും കൊട്ടിയടച്ചിട്ടെന്റെ
പ്രാണന്റെ നിലവിളി കേൾക്കാതിരുന്നപ്പൊഴും
തപിച്ചില്ല, കുറ്റപ്പെടുത്തിയില്ല ഞാൻ, നിന്നെ
സമൂഹമേ! അന്നും സഹിച്ചു,എന്നാത്മാവ്!

എന്നാൽ ഇന്നെന്റെ ഓർമകളെ പോലും
കോടതിക്കൂട്ടിൽ വലിച്ചുകീറുന്നത് കൺ-
കെട്ടി കയ്യിൽ തുലാസുമായി നിൽക്കുന്നൊരാ
നീതിപ്രതിമയെ ബോദ്ധ്യപ്പെടുത്താനോ?

ഷർട്ടിന്നു മുകളിൽ വലിച്ച് കേറ്റിയിട്ട നാലര-
ക്കയ്യുള്ള വക്കീൽക്കോട്ടിന്റെ കാരിരുൾ
മനസിലും വാരിപ്പുരട്ടിയ സോദരാ, ഓർക്കുക!
ഒരിക്കലീ പെണ്ണിനെ!

നാളെ, കോടതിമുറിയിൽ ഇരുന്നെന്റെ
ചോരപുരണ്ട ബാഗിൽ നിന്നു നിങ്ങൾ
ഡിൽഡോയും കോണ്ടവും കണ്ടെടുത്തേക്കാം,
എന്നിലെ കാമരോഗിയെ കാട്ടുവാൻ.
"ഒറ്റക്കയ്യുള്ള പാവം ഭിക്ഷക്കാരൻ, സ്വന്തം
മാനം രക്ഷിക്കുവാൻ വേണ്ടിയാണന്ന്
അവനെ ബലാൽക്കാരം ചെയ്യുവാൻ ചെന്ന
അവളെ തള്ളി പുറത്തെറിഞ്ഞിട്ടത്."
ഇത്തരം കഥകൾ മെനഞ്ഞെടുക്കൂ! പച്ച
നോട്ടിന്റെ ഗന്ധം വലിച്ചു കേറ്റൂ!
പക്ഷേ ഓർക്കൂ, ഒരിക്കൽ ഈ വിതച്ച
തീവിത്തുകൾ, കാട്ടു തീയായി വരും
നിന്നെ ചുട്ടെരിച്ചടക്കുവാൻ!

പച്ചനോട്ടിനു പെണ്ണിന്റെ മാനത്തിനേക്കാളും
ജീവനേക്കാളും വിലയുണ്ട് എന്ന പുത്തൻ
ആദർശ പ്രത്യയശാസ്ത്രത്തിൻ ഉപാസനാ
രൂപങ്ങളേ! നിങ്ങൾ ശ്രദ്ധിച്ചുകൊള്ളുവിൻ!

സിരകളിൽ ശുദ്ധരക്തം തിളയ്ക്കുന്ന
ചോരയ്ക്ക് ശുദ്ധിയും മാനവും ചേർന്നൊരാ
തലമുറ ഉയിർത്തെഴുന്നേൽക്കുന്നുണ്ടിതാ
കൈകളിൽ അഗ്നിഖഡ്ഗവുമേന്തി.
കൽച്ചീളിൽ ചിതറിയ എൻ രക്തം
കുടിച്ചു ചുവന്നൊരാ നുണയുടെ നാവരിയാൻ!

ഓർക്കുക! കണ്ണു കെട്ടാത്തൊരു നീതി തൻ
ഖഡ്ഗം കാത്തിരിപ്പുണ്ട്, നുണ കൊണ്ട്
നീ തീർത്ത പവിഴക്കൊട്ടാരത്തിൽ
നിന്റെ ശിരച്ഛേദം കൊണ്ടാടുവാൻ! കാല-
ചക്രത്തിന്റെ ശംഖ നാദം മുഴക്കുവാൻ....

അവസാനിക്കുന്നില്ല......

=============================================

സൗമ്യയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീഴ്ചയില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നും കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. നിലവില്‍ എട്ട് കേസുകളില്‍ ഗോവിന്ദച്ചാമി ശിക്ഷ അനുഭവിച്ചിട്ടുണ്ട്

http://www.mathrubhumi.com/online/malayalam/news/story/945902/2011-05-20/kerala

Comments

Popular posts from this blog

കാക്ക

ബജ്രംഗ് ബലീ കീ ജയ്!

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ