മനസിലെ രണ്ടാമൂഴം

വൈകിട്ടത്തെ വെടിവട്ടത്തിനിടയിൽ എം.ടി സംസാര വിഷയമായി. അതിൽ രണ്ടാമൂഴവും. തീറ്റക്കൊതിയനെന്ന് മാത്രമറിഞ്ഞ ഭീമസേനന്റെ വ്യക്തിത്വത്തിലൂടെ വീണ്ടുമൊരു യാത്ര! ഭീമസേനൻ....എന്നും ജീവിതത്തിൽ യുധിഷ്ഠിരന്റേയും പ്രശസ്തിയിൽ അർജ്ജുനന്റേയും പിന്നിൽ നിൽക്കേണ്ടി വന്നവൻ! പാഞ്ചാലിയെ വേട്ട അർജ്ജുനനെ തൂണേന്തി രക്ഷിച്ചവൻ! ധർമ്മനിഷ്ഠയുടെ സുഖലോലുപതയിലാണ്ടു പോയ ധർമ്മപുത്രരെ കാലത്തിന്റെ ധർമ്മനിഷ്ഠ ബോധ്യപ്പെടുത്തിയവൻ. അർജ്ജുനന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മകൻ മരിച്ചുവീഴുന്നത് കണ്ടുനിന്നവൻ! യാദവസേന ഭയന്ന ജരാസന്ധനെ കീറിയെറിഞ്ഞ പൗരുഷം... അവൻ - വൃകോദരൻ! ഒരിക്കലും തന്നെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും, മരണം വരെ പാഞ്ചാലിയെ സ്നേഹിച്ചവൻ! കല്യാണസൗഗന്ധികത്തിനായി ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം കാട്ടിയ ഒരേ ഒരുത്തൻ. അവിടെയും മലയാളത്തിന്റെ സരസകവി അവനെ വിഢിയാക്കി, പൊങ്ങച്ചക്കാരനാക്കി. ഒന്നിനെയും കൂസാത്ത ധൈര്യത്തെയും പ്രതിബന്ധമേതും കടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്ന നിശ്ചയദാർഢ്യത്തെയും കാണനുള്ള കണ്ണ് നമ്പ്യാരുടെ മിഴാവിനും ലഭിച്ചില്ല! പാഞ്ചാലിയെ പണയം വച്ചതിനു ജ്യേഷ്ഠന്റെ കരങ്ങൾ ചുട്ടെരിക്കാൻ പോയവൻ. ചൂതാട്ടസഭ...